തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കുഞ്ഞുങ്ങളെ അമ്മ അനീഷ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു. 2021 നവംബർ ആറിനാണ് ആദ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. 2024 ആഗസ്റ്റ് 29ന് സഹോദരന്‍റെ മുറിയിൽവച്ച് രണ്ടാമത്തെ കുഞ്ഞിനെയും കൊലപ്പെടുത്തി.
ജനനം മറച്ചുവയ്ക്കുന്നതിനായി പ്രസവശേഷം ആദ്യകുട്ടിയെ മുഖംപൊത്തി മരണം ഉറപ്പാക്കി. പിന്നീട് മൃതദേഹം നൂലുവെളിയിലെ വീടിന് സമീപത്തെ പറമ്പിൽ കുഴിച്ചിട്ടു. എട്ടു മാസങ്ങൾക്കു ശേഷം കുഴി തുറന്ന് അസ്ഥി ആൺസുഹൃത്തിനെ ഏൽപ്പിക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ സഹോദരന്റെ മുറിയിൽവച്ചായിരുന്നു പ്രസവിച്ചതെന്നും തുടർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ആഗസ്റ്റ് 30ന് ആൺസുഹൃത്തിന്റെ ബന്ധുവീടിന് സമീപം മൃതദേഹം കുഴിച്ചിട്ടു. പിന്നീട് നാലു മാസത്തിനു ശേഷം കുഴി തുറന്ന് അസ്ഥികൾ എടുക്കുകയും ചെയ്തു എന്നാണ് വിവരം.
സംഭവത്തിൽ, കുട്ടികളെ കൊലപ്പെടുത്തിയ വെള്ളിക്കുളങ്ങര സ്വദേശി അനീഷ, ആമ്പല്ലൂർ സ്വദേശി ഭവിൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ സംഭവം. സഞ്ചിയിൽ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി ഞായറാഴ്ച പുലർച്ചെ ഭവിൻ പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു.
അവിവാഹിതരായ ഇരുവർക്കും ഒരു കുഞ്ഞ് ജനിച്ചിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തി. കുട്ടി മരിച്ചതിന് ശേഷം കുട്ടിയെ കുഴിച്ചുമൂടുകയായിരുന്നു എന്നാണ് യുവാവ് ആദ്യം പറഞ്ഞത്. കാമുകി തന്നിൽനിന്ന് അകലുന്നു എന്ന സംശയത്തെ തുടർന്ന് ഭവിൻ അസ്ഥിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഭവിനും അനീഷക്കുമെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. രണ്ട് കൊലപാതകങ്ങളിലായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഭവിന്റെയും അനീഷയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.