ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറണ്ട്. പി.എഫ് റീജിയണൽ കമ്മീഷണർ ശദാക്ഷരി ഗോപാൽ റെഡ്ഡിയാണ് പുലകേശി നഗർ പോലീസിനോട് വേണ്ട നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
സെഞ്ച്വറീസ് ലൈഫ്സ്റ്റൈൽ ബ്രാണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഒരു സ്ഥാപനം ഉത്തപ്പ നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് പിടിച്ചിരുന്നെങ്കിലും നിക്ഷേപിച്ചിരുന്നില്ല. 23 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ കമ്പനി വെട്ടിച്ചതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഈ മാസം നാലിന് അയച്ച കത്തിൽ വാറണ്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കണമെന്ന് പി.എഫ് റീജിയണൽ കമ്മീഷണർ പോലീസിനോട് അറിയിച്ചു.