കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി. ശനിയാഴ്ച രാവിലെ 11 മണിയോടെ ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. എം.എൽ.എ യുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടുണ്ട്.
ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് നിലനിൽക്കുന്നെങ്കിൽക്കൂടിയും ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കൂടാതെ കൗണ്ടുകളും വൈറ്റൽസും സ്റ്റേബിളായതിനാലും വെന്റിലേറ്ററിൽ നിന്ന് മാറ്റി തീവ്രപരിചരണം തുടരാൻ വിദഗ്ധസംഘം തീരുമാനിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഉമ തോമസ് മക്കളുമായും ഡോക്ടർമാരുമായും സംസാരിച്ചുവെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.