കൊച്ചി: കളമശേരി പോളിടെക്‌നിക് ലഹരി കേസിൽ ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ച പൂർവ വിദ്യാർത്ഥികൾ പിടിയിൽ. ആഷിക്, ഷാരിൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം കോളേജിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികളാണിവർ. എറണാകുളത്ത് നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. കേസിൽ ഇന്നലെ റിമാൻഡിലായ പ്രതി ആകാശിന്റെ മൊഴി പ്രകാരമാണ് ഇവരെ പൊലീസ് പിടികൂടിയത്. ചോദ്യംചെയ്യലിന് ശേഷം രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തും.
ആഷിക്കിന് മുമ്പും ലഹരിക്കടത്തുമായി ബന്ധമുണ്ടായിരുന്നതായി വിദ്യാർത്ഥികളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. കളമശേരി പോളിടെക്‌നിക് കോളേജിലേക്ക് കഞ്ചാവെത്തിച്ച സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും ഇവർ മറ്റ് കോളേജുകളിലേക്ക് ലഹരി എത്തിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് ഇന്നലെ പിടിച്ചെടുത്തത്