BREAKING NEWS
dateWED 29 JAN, 2025, 4:53 AM IST
dateWED 29 JAN, 2025, 4:53 AM IST
back
Homeregional
regional
Arya
Thu Dec 21, 2023 11:54 AM IST
നാലുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ജല​ദോഷ മരുന്നുകൾ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
NewsImage

മുംബൈ: നാലുവയസ്സിനു താഴെയുള്ള കുട്ടികളിൽ ജല​ദോഷ മരുന്നുകൾ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശവുമായി സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ. ഈ പ്രായത്തിലുള്ള കുട്ടികളിൽ ഉപയോ​ഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആ​ഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്. കുട്ടികൾക്കിടയിൽ അം​ഗീകൃതമല്ലാത്ത ​മരുന്ന് സംയുക്തങ്ങൾ ഉപയോ​ഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും നാലുവയസ്സിനു താഴെയുള്ള പ്രായക്കാരിൽ അവ ഉപയോ​ഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫിക്സഡ് ഡ്ര​ഗ് കോമ്പിനേഷൻ(എഫ്.ഡി.സി.) എന്നു വിളിക്കുന്ന സംയുക്തങ്ങൾ നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള സിറപ്പുകളിൽ ഉപയോ​ഗിച്ചിട്ടില്ലെന്ന് ഉത്പന്നങ്ങളിൽ ലേബൽ ചെയ്യണമെന്നും നിർദേശമുണ്ട്.

ക്ലോർഫെനിരാമൈൻ(chlorpheniramine), മാലിയേറ്റ്(maleate), ഫിനൈലിഫ്രിൻ(phenylephrine) എന്നിവയാണ് ജലദോഷത്തിനുള്ള സിറപ്പുകളിലും ​ഗുളികകളിലും ഉപയോ​ഗിക്കുന്ന ഫിക്സഡ് ഡ്ര​ഗ് കോമ്പിനേഷൻ. ഇവയ്ക്ക് നാലുവയസ്സിനു കീഴെയുള്ള കുട്ടികളിൽ ഉപയോ​ഗിക്കാൻ അം​ഗീകാരമില്ലെന്നാണ് അധികൃതർ പറയുന്നത്. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിലെ ജലദോഷത്തിനും ചുമയ്ക്കും സ്വയംചികിത്സ നടത്തി കഫ് സിറപ്പുകൾ വാങ്ങിക്കൊടുക്കരുതെന്ന് ലോകാരോ​ഗ്യസംഘടനയുടെ കൃത്യമായ നിർദേശമുണ്ട്. 2019 മുതൽ രാജ്യത്ത് നിർമിക്കുന്ന സിറപ്പുകളിൽ വിഷമമയമാർന്ന ഘടകങ്ങളടങ്ങിയതു കണ്ടെത്തിയതും ഉസ്ബെക്കിസ്താൻ, ​ഗാംബിയ, കാമറൂൺ തുടങ്ങിയ രാജ്യങ്ങളിൽ ഇതുസംബന്ധിച്ച് 141 മരണങ്ങളുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നടപടി. ഇന്ത്യയിൽ മാത്രം ഇത്തരം കഫ് സിറപ്പുകളുടെ ഉപയോ​ഗം മൂലം 12 കുട്ടികൾ മരണപ്പെടുകയും നാലുപേർ മറ്റു രോ​ഗങ്ങളുമായി ജീവിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നേരത്തേയും വിവിധ ഇന്ത്യൻ നിർമിത മരുന്നുകൾക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്ന് ഡി.സി.ജി.ഐ നടത്തിയ വ്യാപകമായ പരിശോധനയിൽ പതിനെട്ട് കമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും 26 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഗാംബിയയിലും ഉസ്‌ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമയ്ക്കുള്ള സിറപ്പുകളും ഇന്ത്യയിൽ നിർമിച്ചതായിരുന്നു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിച്ച ചുമമരുന്ന് കുടിച്ച് ഉസ്ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ചതിനു പിന്നാലെ പ്രസ്തുത കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഹരിയാണയിലെ മെയ്ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയിൽ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടർന്ന് മരിച്ചത്. മാർഷൽ ഐലൻഡ്സിലും മൈക്രോനേഷ്യയിലും വിതരണം ചെയ്ത കഫ് സിറപ്പുകളും ​ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയിരുന്നു.പ്രസ്തുത മരുന്നിൽ അനിയന്ത്രിതമായ അളവിൽ ഈതലീൻ ​ഗ്ലൈക്കോളിന്റെയും ഡയാതൈലീൻ ​ഗ്ലൈക്കോളിന്റെയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE