
അബൂദബി: മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ഒരു കുട്ടി കൂടി മരിച്ചു. മലപ്പുറം തിരൂര്‍ തൃപ്പനച്ചി കിഴിശ്ശേരി പുളിയക്കോട് സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും ഭാര്യ ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും മകൻ അസ്സാം (8) ആണ് മരിച്ചത്. മറ്റ് മക്കളായ അഷസ് (14), അമ്മാര്‍ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടിൽ സഹായത്തിനുണ്ടായിരുന്ന തിരൂർ ചമ്രവട്ടം സ്വദേശി ബുഷ്റയും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
അബ്ദുല്‍ലത്തീഫും റുക്സാനയും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്. അബൂദബി-ദുബൈ റോഡില്‍ ഷഹാമക്കടുത്താണ് അപകടമുണ്ടായത്. ദുബൈയില്‍ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവല്‍ കഴിഞ്ഞു മടങ്ങുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ മൃതദേഹങ്ങൾ യു.എ.ഇയില്‍ തന്നെ ഖബറടക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.