വടകര : വില്യാപ്പള്ളി ടൗണിലെ ഡേമാർട്ട് സൂപ്പർ മാർക്കറ്റിൽ മോഷണം. 85,000 രൂപയും 30,000 രൂപ വിലയുള്ള രണ്ട് മൊബൈൽ ഫോണുകളും മോഷ്ടിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിക്കും മൂന്നുമണിക്കും ഇടയിലാണ് മോഷണം നടന്നത്. സമീപത്തെ കുഞ്ഞിരാമൻ ജൂവലറിയിൽ മോഷണശ്രമവും നടന്നു. മൂന്നുമോഷ്ടാക്കളുടെ ദൃശ്യം ഡേമാർട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എല്ലാവരും മുഖംമറച്ചനിലയിലാണ്. ഡേമാർട്ടിന്റെ ഷട്ടറിന്റെ പൂട്ടുതകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. ഈ ദൃശ്യം സി.സി.ടി.വി.യിലുണ്ട്.
മൂന്ന് ഷെൽഫുകളിൽനിന്നും 15,000 രൂപയും ഹോൾസെയിൽ ഷെൽഫിൽ ചില്ലറയായി സൂക്ഷിച്ച 70,000 രൂപയുമാണ് മോഷ്ടിച്ചത്. കൗണ്ടറിലെ രണ്ടുമൊബൈൽ ഫോണുകളും കൊണ്ടുപോയി. ഇവിടെ എന്തോ ശബ്ദംകേട്ട് സമീപത്തെ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരൻ പോലീസിൽ വിളിച്ചിരുന്നു.
പോലീസ് വിവരം വില്യാപ്പള്ളി ഔട്ട് പോസ്റ്റിൽ കൈമാറി. പോലീസുകാരൻ സ്ഥലത്തെത്തുമ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽക്കയറി രക്ഷപ്പെട്ടു. കുഞ്ഞിരാമൻ ജൂവലറിയുടെ രണ്ട് പൂട്ടുകൾ തകർത്തെങ്കിലും സെൻട്രൽ ലോക്ക് തകർക്കാൻ സാധിച്ചില്ല. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡേ മാർട്ട് മാനേജിങ് പാർട്ണർ കെ.സി. ഫിറോസിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.