വടകര : ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന് നാലുമാസം കഴിഞ്ഞിട്ടും വടകര ലോക്‌സഭാ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലെ വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചില്ല. വടകര നിയോജകമണ്ഡലത്തിൽ വരുന്ന അഴിയൂർ, ചോറോട് പഞ്ചായത്തുകളിലാണിത്. വോട്ടെണ്ണാൻ യന്ത്രം തുറന്നസമയത്ത് ചില പ്രശ്നങ്ങൾ കണ്ടതിനെത്തുടർന്ന് എണ്ണാതെ മാറ്റിവെച്ചവയാണിവ. ഇത്രയും കാലമായിട്ടും പരാതി പരിഹരിച്ച് ഇത് എണ്ണിയിട്ടില്ല. ഇനി എണ്ണുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ ഈ ബൂത്തുകളിലെ ജനഹിതം പുറത്തുവിടണമെന്ന ആവശ്യവുമായി യു.ഡി.എഫ്. രംഗത്തെത്തി.
അഴിയൂർ പഞ്ചായത്തിലെ ആറാംനമ്പർ ബൂത്തിലെയും ചോറോട് പഞ്ചായത്തിലെ 83-ാം ബൂത്തിലെയുമാണ് വോട്ടുകൾ എണ്ണാത്തത്. ആറാംബൂത്തിന്റെ പെട്ടി എണ്ണാനെടുത്തപ്പോൾ മൊത്തം വോട്ടിന്റെ കണക്കിൽ വ്യത്യാസം വന്നതിനെത്തുടർന്ന് പരാതി ഉയർന്നു. ഇതോടെ വോട്ടെണ്ണൽ മാറ്റി. ചോറോട് പഞ്ചായത്തിലെ 83-ാം നമ്പർ ബൂത്തിലെ പെട്ടി എണ്ണാൻ എടുത്തപ്പോൾ നേരത്തെതന്നെ പെട്ടി തുറന്നതായ പരാതി ഉയർന്നു. ഇവിടെയും വോട്ടെണ്ണൽ മാറ്റുകയായിരുന്നു. വടകര മണ്ഡലത്തിലെ യു.ഡി.എഫ്. വിജയം ഒരുലക്ഷത്തിലേറെ വോട്ടിന്റെ വ്യത്യാസത്തിൽ ആയതിനാൽ ഈ ബൂത്തുകളിലെ വോട്ടുകൾ ഒരുതരത്തിലും വിജയപരാജയത്തെ സ്വാധീനിക്കില്ലെന്ന നിലവന്നതോടെ വോട്ടെണ്ണൽദിവസം ഇവിടത്തെ വോട്ടുകൾ എണ്ണുന്നത് പരിഗണിച്ചില്ല.
ഈ രണ്ട് ബൂത്തുകളിലും ഉയർന്ന ഗുരുതരമായ പരാതികൾ അന്വേഷിച്ച് നടപടികൾ സ്വീകരിക്കാനോ വോട്ടുകൾ എണ്ണി ഫലം പ്രഖ്യാപിച്ച് ജനഹിതം പുറത്തുവിടാനോ ഇലക്ഷൻ കമ്മിഷൻ തയ്യാറാവാത്തത് പാർലമെന്ററി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ്. ജില്ലാ കമ്മിറ്റി ആരോപിച്ചു. അടിയന്തരമായി പരാതികൾ അന്വേഷിച്ച് വേണ്ട നടപടികൾ എടുക്കാൻ ഇലക്ഷൻ കമ്മിഷൻ തയ്യാറാകണമെന്ന് ചെയർമാൻ കെ. ബാലനാരായണൻ, കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ ആവശ്യപ്പെട്ടു.