വടകര: വിവിധ ഇടങ്ങളിൽ പാർക്ക് ചെയ്യുന്ന ബൈക്കുകൾ മോഷണം പോവുന്ന സംഭവത്തിൽ വടകരയിൽ ഒരു പ്ളസ് ടു വിദ്യാർത്ഥി കൂടി പിടിയിൽ. ഉപേക്ഷിക്കപെട്ട നിലയിൽ ഒരു ബൈക്ക് കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. വടകര പഴങ്കാവിൽ വെച്ചാണ് ഉപേക്ഷിക്കപെട്ട നിലയിൽ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ മോഷണം പോയ ഏഴ് ബൈക്കുകൾ വടകര പൊലീസ് കസ്റ്റഡിയിലായി.
വടകരയിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ സ്കൂളുകളിലെ ആറ് വിദ്യാർത്ഥികളെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിലെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം അഞ്ച് വിദ്യാർത്ഥികളെ പൊലീസ് പിടികൂടിയിരുന്നു. ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെയാണ് കഴിഞ്ഞ ദിവസം വടകര പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ബൈക്കുകൾ രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ചേസിസ് നമ്പർ ചുരണ്ടിമാറ്റിയുമാണ് ഇവർ ഉപയോഗിച്ചിരുന്നത്.