വടകര: യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമിച്ച് ശല്യംചെയ്ത യുവാവ് അറസ്റ്റിൽ. വടകര കോട്ടക്കടവ് കുതിരപന്തിയിൽ അജിനാസിനെയാണ് കോഴിക്കോട് റൂറൽ സൈബർ പൊലീസ് ഇൻസ്പെക്ടർ എച്ച്. ഷാജഹാൻ അറസ്റ്റ് ചെയ്തത്. ഓർക്കാട്ടേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്.
ബഹ്റൈനിലേക്ക് കടന്ന അജിനാസിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ വ്യാഴാഴ്ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ തടഞ്ഞുവെക്കുകയായിരുന്നു. സൈബർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 2023 നവംബർ മുതൽ സമൂഹ മാധ്യമം വഴി പ്രതി യുവതിയെ അപമാനിക്കുകയായിരുന്നു. എസ്.ഐ ഷൈജു, സീനിയ സിവിൽ പൊലീസ് ഓഫിസർ രൂപേഷ്, സനൂപ്, വിപിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.