വടകര: മദ്യപിച്ച യാത്രക്കാരി അബോധാവസ്ഥയിലായതോടെ കെ എസ് ആർ ടി സി ബസിന്റെ ട്രിപ്പ് മുടങ്ങി. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിലാണ് സംഭവം. മാഹിയിൽ നിന്ന് ബസിൽ കയറിയ യുവതി വടകരയിലേക്കാണ് ടിക്കറ്റ് എടുത്തത്. ബസ് വടകര പുതിയ ബസ് സ്റ്റാൻഡിൽ എത്തി യാത്രക്കാർ ഇറങ്ങുകയും കയറുകയും ചെയ്തിട്ടും യുവതി ഇറങ്ങിയില്ല. ഉറങ്ങിപോയതാവാം എന്ന് കരുതി കണ്ടക്ടർ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും യുവതിക്ക് അനക്കമുണ്ടായിരുന്നില്ല.
മദ്യത്തിന്റെ ഗന്ധവും ഉണ്ടായതോടെയാണ് ബസ് ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും യുവതി അബോധാവസ്ഥയിൽ ആയെന്ന് തോന്നിയത്. തുടർന്ന് വടകര വനിതാ സെല്ലിലേക്ക് വിവരം അറിയിക്കുകയും വനിതാ പോലീസുകാരെത്തി മറ്റുള്ളവരുടെ സഹായത്തോടെ യുവതിയെ ബസിൽ നിന്നും ഇറക്കുകയായിരുന്നു. ഈ സമയമത്രയും സ്റ്റാൻഡിൽ നിർത്തിയിടേണ്ടി വന്നതോടെ സമയം തെറ്റിയ ബസിന്റെ ട്രിപ്പ് മുടങ്ങുകയും തുടർന്ന് യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിടുകയും ചെയ്തു. കോഴിക്കോട് പെരുവയൽ സ്വദേശിയാണ് യുവതിയെന്നാണ് വിവരം.