വടകര: ദേശീയ പാതയിൽ പാർക്കോ ഇഖ്റ ആശുപത്രിക്ക് മുൻവശം കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ലോറിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം. സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുകയായിരുന്നു ബസിന് പിറകിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ ബസ് റോഡരികിൽ നിർത്തിയിട്ട രണ്ടു കാറിലും ഇടിച്ചു.
സംഭവത്തിൽ കെ.എസ്.ആർ.ടി.സിയുടെ പിൻഭാഗവും ലോറിയുടെ മുൻഭാഗവും തകർന്നു. ബസിടിച്ച രണ്ടു കാറുകൾക്കും കേടുപാടുണ്ടായി. വടകരനിന്നും കക്കട്ട് വഴി കുമ്പളച്ചോല ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്. ബസ് യാത്രക്കാരായ വത്സല (60), വിജയലക്ഷ്മി (62), സുമ (48), ജിൻഷ (33) എന്നിവർ പാർക്കോ ഇഖ്റ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് സാരമുള്ളതല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.