നാദാപുരം : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ 5 പവന്റെ ആഭരണവുമായി മുങ്ങിയ പ്രതി പൊലീസ് പിടിയിൽ. മയ്യന്നൂർ പാലോള്ള പറമ്പത്ത് പി.പി.മുഹമ്മദ് നജീറിനെ(29)യാണ് നാദാപുരം ഡിവൈഎസ്പി പി.പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. നവംബർ 22നായിരുന്നു സംഭവം. വീടിനു മുൻപിൽ ബൈക്കിൽ താനക്കോട്ടൂരിലെ യുവതിയുടെ വീടിനു മുൻപിൽ എത്തി യുവതിയുടെ സ്വർണത്തിനു ലാഭം നൽകാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പകരം മുക്കു പണ്ടത്തിന്റെ ആഭരണവും മധുര പലഹാരങ്ങളും അടങ്ങിയ ബാഗ് നൽകി യുവതിയെ കബളിപ്പിക്കുകയായിരുന്നു.
കുറ്റ്യാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 15 പവന്റെ ആഭരണം കൈക്കലാക്കിയതിനും പ്രതിക്കെതിരെ കേസുണ്ടെന്ന് ഡിവൈഎസ്പി അറിയിച്ചു. നാദാപുരം കോടതി പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. കുറ്റ്യാടിയിൽ റജിസ്റ്റർ ചെയ്ത കേസിൽ അടക്കം പ്രതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.