
കോഴിക്കോട്: തൊട്ടിൽപാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ പാലക്കാട്ടുനിന്ന് കണ്ടെത്തി. പുതുശേരിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്ന അനുമോളെയും സുഹൃത്തായ തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും തൊട്ടിൽപാലം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അബ്ദുൾ സമദിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്.
അനുമോളുടെ കുടുംബം നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഇരുവരെയും കണ്ടെത്തിയത്. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
മൊയിലോത്തറ സർക്കാർ എൽ.പി. സ്കൂളിലെ അധ്യാപികയാണ് തൊട്ടിൽപ്പാലം കൂടലിൽ അനുമോൾ. ഈ മാസം അഞ്ച് മുതലാണ് ഇവരെ കാണാതായത്. ബന്ധുവീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടർന്ന് തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകുകയായിരുന്നു.ഗുരുതരമായ കരൾ രോഗം ബാധിച്ച് അനുമോൾ, ജീവിതപങ്കാളി സുഭാഷ് പകുത്തുനൽകിയ കരളിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കൂടലിൽ കണ്ണന്റെയും ഏലമ്മയുടെയും ഏക മകളാണ് അനു.