
മുംബൈ: തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റിന് വിധേയരാക്കി 1.19 കോടി തട്ടിയെടുത്തതിന്‍റെ ഞെട്ടലില്‍ 82-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പുണെയിലാണ് സംഭവം.മഹാരാഷ്ട്ര സര്‍ക്കാർ സർവീസില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥനായ 82-കാരനാണ് മരിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുംബൈ സൈബര്‍ പോലീസായും സിബിഐ ഓഫീസര്‍മാരായും ചമഞ്ഞ സംഘമാണ് ഇദ്ദേഹത്തെയും എണ്‍പതുകാരിയായ ഭാര്യയെയും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയാക്കിയത്.
മൂന്നുദിവസത്തോളമാണ് തട്ടിപ്പുസംഘം ഇദ്ദേഹത്തെയും ഭാര്യയേയും ഡിജിറ്റല്‍ അറസ്റ്റിന് വിധേയരാക്കിയത്.തട്ടിപ്പിനിരയായ വിവരമറിഞ്ഞ് ഒക്ടോബര്‍ 22-ാം തീയതിയാണ് അദ്ദേഹം വീട്ടില്‍ കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. തന്റെ ജീവിതസമ്പാദ്യം തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതില്‍ ഭര്‍ത്താവ് വദുഃഖിതനായിരുന്നെന്ന് ഭാര്യ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.മുംബൈ പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റ് എന്ന് അവകാശപ്പെട്ട് ഒരാള്‍ ഓഗസ്റ്റ് 16-ാം തീയതി 82-കാരനെ വിളിക്കുകയായിരുന്നു. ഇതായിരുന്നു തട്ടിപ്പിന്റെ തുടക്കം. ഒരു സ്വകാര്യ എയര്‍ലൈന്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അദ്ദേഹത്തിന്റെ ആധാര്‍-ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് ഇയാള്‍ വയോധികനെ തെറ്റിദ്ധരിപ്പിച്ചു. പിന്നാലെ, സിബിഐയുടെ ഡല്‍ഹി ഓഫീസില്‍നിന്നെന്ന വ്യാജേനയും ഇദ്ദേഹത്തിന് ഫോണ്‍ കോള്‍ എത്തിയെന്ന് പുണെ സൈബര്‍ പോലീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എസ്. ഷിന്‍ഡേ പറഞ്ഞു.തട്ടിപ്പുകാര്‍ വയോധികനെയും ഭാര്യയെയും മൂന്നുദിവസത്തേക്ക് ഡിജിറ്റല്‍ അറസ്റ്റിന് വിധേയരാക്കി. ഫോണ്‍ ക്യാമറ തുറന്നുവെക്കാനും നിര്‍ദേശം നല്‍കി. ഈ സമയത്ത് തട്ടിപ്പുകാര്‍ ബാങ്ക്-ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പണംതട്ടിയെടുക്കുകയായിരുന്നു.