കോഴിക്കോട്: വടകര സ്വദേശിനിയെ ആറ്റിങ്ങലില്‍ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോബി ജോര്‍ജ് പിടിയിലായി. കോഴിക്കോട് വെച്ച് ഇന്ന് രാവിലെയാണ് ജോബി ജോര്‍ജ് പിടിയിലായത്.
വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കരയിലെ പാണ്ടികയില്‍ അസ്മിനയാണ്(38) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ലോഡ്ജിലെ റിസപ്ഷനിസ്റ്റ് കൂടിയായ ജോബി ജോര്‍ജ് അസ്മിനയ്ക്കൊപ്പം താമസിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ജോബി ജോര്‍ജ് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ഇയാളെ പിടികൂടുന്നത്.
ആറ്റിങ്ങല്‍ മൂന്നുമുക്ക് വാട്ടര്‍സപ്ലൈ റോഡ് ഗ്രീന്‍ ഇന്‍ ലോഡ്ജിലാണ് സംഭവം നടക്കുന്നത്. അഞ്ചു ദിവസം മുന്‍പ് മാത്രമാണ് ജോബി ജോര്‍ജ് ലോഡ്ജില്‍ ജോലിക്ക് കയറുന്നത്.