കൊയിലാണ്ടി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ഇരുപതുവർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചു. മുക്കം നെല്ലിക്കാപറമ്പ്, കരിമ്പനക്കണ്ടി കോളനിയിൽ വലിയ പറമ്പ് വീട്ടിൽ അബ്ദു റഹിമാനെയാണ് (61) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. നൗഷാദലി പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.
2023-ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിൽ ചീർപ്പു വാങ്ങാൻപോയ കുട്ടിയെ വീടിനകത്തേക്കു കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി വിവരം അമ്മയോട് പറയുകയും മുക്കം സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. മുക്കം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർമാരായ കെ. പ്രജീഷ്, കെ. സുമിത്ത്‌കുമാർ എന്നിവരാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.