തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെ പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗുരുതര ആരോപണവുമായി ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി. തന്റെ മകനെ കൊന്നതാണെന്ന് ഉറപ്പാണെന്നും സി.ബി.ഐ. ഉള്‍പ്പെടെ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ മുമ്പ് ഒരു എ.ടി.എം. കവര്‍ച്ച കേസിലും മറ്റൊരു മോഷണക്കേസിലും പ്രതിയായിരുന്നു. ബാലഭാസ്‌ക്കറിന്റെ മരണശേഷമാണ് ഇത് ഞങ്ങള്‍ അറിയുന്നത്. ബാലഭാസ്‌കര്‍ മരിച്ച സമയത്ത് അദ്ദേഹമായിരുന്നു വാഹനമോടിച്ചിരുന്നതെന്നും അതുകൊണ്ട് തനിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ എം.എ.സി.ടിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു.
ബാലഭാസ്‌കറിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തിയെന്നാണ് പറയുന്നത്. ഞങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളത്. എന്നാല്‍, എവിടെയും തൊടാതെയുള്ള റിപ്പോര്‍ട്ടാണ് സി.ബി.ഐ. കോടതിയില്‍ നല്‍കിയിട്ടുള്ളതെന്നാണ് അറിഞ്ഞത്. കള്ളക്കടത്ത് സംഘത്തെ സംരക്ഷിക്കാനാണ് അന്വേഷണ സംഘങ്ങള്‍ ശ്രമിക്കുന്നത്. സി.ബി.ഐ. പോലും അവരുടെ സ്വാധീനത്തിന് വഴങ്ങിയെന്നും ഉണ്ണി ആരോപിച്ചു.