വടകര :സർവവും നഷ്ടപ്പെട്ട വയനാട്ടിലെ മനുഷ്യരുടെ ഇടയിലേക്ക് ആശ്രയവുമായി വടകരയിൽ നിന്നുമൊരു കുടുംബം. പാലയാട് പുത്തൻനടയിൽ ടെക്സറ്റൈൽ നടത്തുന്ന കരീമാണ് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളുമെടുത്ത് വയനാട്ടിലേക്ക് ഓടിയെത്തിയത്. ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന മനുഷ്യർക്ക് വസ്ത്രങ്ങൾ നൽകി സഹായിക്കാമെന്ന ഭാര്യ സറീനയുടെ നിർദേശം കേട്ടാണ് കരീം തന്റെ കടയിലുള്ളതെല്ലാം വാരിയെടുത്ത് പുറപ്പെട്ടത്.
കുഞ്ഞുടുപ്പ് മുതൽ കടയിലുള്ളതെല്ലാം പെട്ടികളിലും കവറുകളിലുമാക്കി ചൊവ്വാഴ്ച തന്നെ വയനാട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ ചില കാരണങ്ങളാൽ തിരിച്ചുപോരേണ്ടി വന്നു. വടകരയിലെത്തി പായയും ബെഡ് ഷീറ്റും പുതപ്പുകളും കൂടി വാങ്ങി ബുധനാഴ്ച രാവിലെ വീണ്ടും മകൻ മുഹമ്മദ് കലഫിനൊപ്പം വയനാട്ടിലേക്ക് തിരിച്ചു. മേപ്പാടിയിലെത്തി തുണിത്തരങ്ങൾ അധികൃതർക്ക് കൈമാറി. ദുരിതബാധിതർക്ക് ഭക്ഷണവും വാങ്ങിനൽകിയാണ് കരീം മടങ്ങിയത്.