തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. കാസർകോട് മുതൽ എറണാകുളം വരെ ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മുന്നറിയിപ്പൊന്നും നിലവില്‍ ഇല്ല. എന്നാല്‍ ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ശക്തമായ മഴക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. തീരദേശ, മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം.അടിയന്തര സാഹചര്യങ്ങളിൽ മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.