വടകര: തൊഴിൽത്തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ ഏഴുപേരും നാട്ടിലെത്തി. സംഘം ഞായറാഴ്ച രാത്രി മലേഷ്യയിൽനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. മണിയൂർ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽ ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായിമീത്തൽ അശ്വന്ത്, എടപ്പാൾ സ്വദേശി അജ്മൽ, ബെംഗളൂരുവിലെ റോഷൻ ആന്റണി എന്നിവരാണ് നാട്ടിലെത്തിയത്.
ഒക്ടോബർ മൂന്നിനുപോയ സംഘം കംബോഡിയയിൽ തട്ടിപ്പ് സംഘത്തിന്റെ കൈയിൽ അകപ്പെട്ടു. അവരുടെ ക്രൂര മർദനത്തിന് ഇരയായി. മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ടാക്സിഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ട് ഇന്ത്യൻ എംബസിയിൽ എത്തുകയായിരുന്നു. തുടർന്നാണ് നാട്ടിൽ വിവരമറിഞ്ഞത്.
ഷാഫി പറമ്പിൽ എം.പി., എം.എൽ.എ.മാരായ കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.കെ. രമ, എന്നിവർ സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും ശ്രദ്ധയിൽ ഈ വിഷയം പെടുത്തുകയും എംബസിയുമായി ബന്ധപ്പെട്ട് ഇവർക്ക് നാട്ടിലേക്ക് തിരിച്ചുവരാനുള്ള സൗകര്യങ്ങൾ ഒരുക്കുകയുമായിരുന്നു.
സംസ്ഥാനസർക്കാർ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയിൽ വേണ്ട ഇടപെടലുകൾ നടത്തി. രണ്ടുപേരുടെ പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ വിമാനത്താവളത്തിൽ പിഴ അടയ്ക്കാനുള്ള സഹായവും എം.പി.യാണ് ചെയ്തത്. തട്ടിപ്പ് സംഘത്തിന്റെ കൈയിലകപ്പെട്ട പേരാമ്പ്ര സ്വദേശിയെ കണ്ടെത്താൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കുമെന്ന് എം.പി. പറഞ്ഞു.
സൈബർത്തട്ടിപ്പുകാരുടെ സ്ഥാപനത്തിൽ അകപ്പെട്ട പേരാമ്പ്ര കൂത്താളി പനക്കാട് താഴെപുരയിൽ അബിൻ ബാബുവിനെ (25) തട്ടിക്കൊണ്ടുപോയതിന് നാലാളുകളുടെപേരിൽ പേരാമ്പ്ര പോലീസ് കേസെടുത്തു. തേക്കെമലയിൽ അനുരാഗ്, സെമിൽ എന്നിവരുടെയും കണ്ടാലറിയുന്ന രണ്ടാളുകളുടെയുംപേരിലാണ് അബിൻ ബാബുവിന്റെ പിതാവ് ബാബുവിന്റെ പരാതിയിൽ പേരാമ്പ്ര പോലീസ് കേസെടുത്തത്.
ബാങ്കോക്കിൽ ജോലി ശരിയാക്കിത്തരാമെന്നു വിശ്വസിപ്പിച്ച് ഒക്ടോബർ ഏഴിന് രാത്രി എട്ടോടെ ഒന്നാംപ്രതി അനുരാഗിന്റെ നിർദേശപ്രകാരം രണ്ടാംപ്രതി സെമിൽ, അബിൻ ബാബുവിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോയെന്നും കംബോഡിയയിലേക്ക് കൊണ്ടുപോയി രഹസ്യമായി തടവിൽ പാർപ്പിക്കുന്നുവെന്നുമാണ് കേസ്. യുവാവിനെ നാട്ടിലെത്തിക്കാൻ എംബസിയുടെ സഹായത്തോടെ ശ്രമം നടക്കുന്നുണ്ട്. വീട്ടുകാർ മുഖ്യമന്ത്രിയുമായും കേന്ദ്രസർക്കാരുമായും ഇക്കാര്യത്തിൽ ബന്ധപ്പെട്ടിട്ടുണ്ട്.