
വടകര: മയ്യന്നൂരില്‍ നിന്നു കാണാതായ പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളെ കശ്മീരില്‍ കണ്ടെത്തി. വടകര പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫാണ് ഇവരെ കാശ്മീരില്‍ കണ്ടെത്തിയത്.
മയ്യന്നൂര്‍ പുത്തലത്ത് താഴകുനി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ 12 കാരി മകളെയും ഇയാളുടെ ഭാര്യയുടെ ബന്ധുവായ 16കാരിയേയുമാണ് കാണാതായത്. രക്ഷിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്ന ഇവരെ പതിനാറാം തിയ്യതി ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും ആറ് മണിക്കും ഇടയിലാണ് കാണായത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടികളുടെ മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഡല്‍ഹിയിലുണ്ടെന്ന വിവരം ലഭിച്ചു. ഇതിനു പിന്നാലെ മൂന്നംഗ പോലീസ് സംഘം വടകരയില്‍ നിന്ന് ഡല്‍ഹിക്ക് തിരിച്ചെങ്കിലും അപ്പോഴേക്കും കുട്ടികള്‍ കശ്മീരിലേക്ക് പോയി.കശ്മീരില്‍ ട്രെയിനിറങ്ങിയ ഇവരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ഏറ്റെടുത്ത വടകര പോലീസ് ഉടന്‍ നാട്ടിലെത്തും.