BREAKING NEWS
dateFRI 13 NOV, 2026, 10:35 PM IST
dateFRI 13 NOV, 2026, 10:35 PM IST
back
Homeregional
regional
PREETHU
Fri Nov 13, 2026 12:05 PM IST
“കൊല്ലപ്പെട്ടെന്ന് കരുതിയ യുവതി ജീവനോടെ; കൊലക്കേസിൽ രണ്ടര വർഷം ജയിലിൽ കഴിഞ്ഞ യുവാവിന്റെ കേസിൽ വഴിത്തിരിവ്”
NewsImage

മൈസൂരു: കർണാടകയിൽ കൊലക്കുറ്റം ആരോപിച്ച് രണ്ടര വർഷത്തോളം ജയിലിൽ കഴിഞ്ഞ യുവാവിന്റെ കേസിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ടെന്ന് കരുതിയ മഞ്ജുള ജീവനോടെയുണ്ടെന്ന് കണ്ടെത്തി. സംഭവത്തിൽ ആദ്യഘട്ട അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികൾ പരിശോധിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകി.

മണ്ഡ്യ ജില്ലയിലെ നാഗമംഗളയിൽ നവംബർ 11നാണ് മഞ്ജുളയെ കണ്ടെത്തിയത്. മഞ്ജുള ജീവനോടെയുണ്ടെന്നും മറ്റൊരാളോടൊപ്പം താമസിക്കുകയാണെന്നും രാജേഷ് പൊലീസിനെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ അന്വേഷണം ആരംഭിച്ചത്.

മഞ്ജുളയെ കൊലപ്പെടുത്തിയെന്നാരോപിച്ച് 2021 ഓഗസ്റ്റിലാണ് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം മൃതദേഹം വിശ്വേശ്വരയ്യ കനാലിൽ ഉപേക്ഷിച്ചെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കേസിൽ രണ്ടര വർഷത്തോളം ജയിലിൽ കഴിഞ്ഞ രാജേഷിന് 2024 ഡിസംബർ 24നാണ് ജാമ്യം ലഭിച്ചത്.2019 ജൂൺ 23നാണ് മഞ്ജുളയെ കാണാതായത്. തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ ജൂലൈ മൂന്നിന് പാണ്ഡവപുര പൊലീസ് മിസിങ് കേസ് രജിസ്റ്റർ ചെയ്തു. മഞ്ജുള അവസാനമായി ഫോണിൽ സംസാരിച്ചത് രാജേഷിന്റെ മൊബൈൽ ഫോണിലൂടെയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

2021 ഓഗസ്റ്റ് 11ന് രാജേഷ് കൊലപാതകം നടത്തിയതായി തന്നോട് വെളിപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ടുപേർ പൊലീസിനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഐപിസി 302-ാം വകുപ്പ് പ്രകാരം രാജേഷിനെതിരെ കൊലക്കേസ് രജിസ്റ്റർ ചെയ്തു. ചോദ്യം ചെയ്യലിനിടെ രാജേഷ് കുറ്റം സമ്മതിച്ചെന്നും മൃതദേഹം വിശ്വേശ്വരയ്യ കനാലിൽ ഉപേക്ഷിച്ചതായി മൊഴി നൽകിയെന്നുമാണ് പൊലീസിന്റെ അവകാശവാദം.

എന്നാൽ, കസ്റ്റഡിയിലിരിക്കെ പൊലീസ് ക്രൂരമായി മർദിക്കുകയും വൈദ്യുതാഘാതമേൽപ്പിക്കുകയും കുടുംബാംഗങ്ങളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രാജേഷ് ആരോപിച്ചിരുന്നു. പീഡനം ഭയന്നാണ് കുറ്റം സമ്മതിച്ചതെന്നും താൻ കൊലപാതകം നടത്തിയിട്ടില്ലെന്നും രാജേഷ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

മഞ്ജുളയെ കണ്ടെത്തിയതോടെ കേസിൽ നിർണായകമായ പുതിയ വിവരങ്ങളാണ് പുറത്തുവന്നത്. ഇഷ്ടമില്ലാത്ത വിവാഹത്തിൽ നിന്ന് രക്ഷപ്പെടാനാണ് വീട് വിട്ടതെന്നും പിന്നീട് മറ്റൊരാളെ വിവാഹം ചെയ്ത് അദ്ദേഹത്തോടൊപ്പം താമസിക്കുകയായിരുന്നുവെന്നും മഞ്ജുള പൊലീസിനോട് പറഞ്ഞു. രാജേഷിനെ അറിയില്ലെന്നും അവർ മൊഴി നൽകിയിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മണ്ഡ്യ ജില്ലാ പൊലീസ് മേധാവി വി.ജെ. ശോഭാറാണി നിർദേശം നൽകി. ശ്രീരംഗപട്ടണ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം നേരത്തെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെതിരെ തുടർനടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌