കുറ്റ്യാടി: കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആൾ പിടിയിൽ. അടുക്കത്ത് സ്വദേശി വിജീഷ് ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം. മന്‍സൂര്‍-ജല്‍സ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കുട്ടി ഉറങ്ങിയതിനാല്‍ കാറില്‍ കിടത്തി കടയിലേക്ക് പോയതായിരുന്നു മന്‍സൂറും ജല്‍സയും. ഈ സമയം പ്രതി കാറും കുട്ടിയുമായി കടന്നുകളയുകയായിരുന്നു. സുഹൃത്തിന്റെ വാഹനത്തില്‍ മന്‍സൂറും ജല്‍സയും കാറിനെ പിന്തുടര്‍ന്ന് പോയി കുട്ടിയെ രക്ഷിക്കുകയായിരുന്നു.രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതിനും, മോഷണത്തിനും കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിജീഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.