പേരാമ്പ്ര : ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ പ്രതി പത്ത് വർഷത്തിനുശേഷം പോലീസിന്റെ പിടിയിൽ. കാഞ്ഞങ്ങാട് മടിക്കൈ സ്വദേശി അരയിൽകണ്ടം കുട്ടിച്ചാൽ ഷംസുദ്ദീൻ (55) ആണ് പേരാമ്പ്ര പോലീസിന്റെ പിടിയിലായത്. 2008-ൽ പേരാമ്പ്ര പോലീസെടുത്ത കേസിലെ പ്രതിയാണിയാൾ. കോടതിയിൽനിന്ന് ജാമ്യംവാങ്ങിയ പ്രതി പിന്നീട് പലസ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു.
കാസർകോട് ഭാഗത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ബേക്കലിലെ മൗവ്വൽ എന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷിന്റെ നിർദേശപ്രകാരം എസ്.ഐ. ഒ.ടി. ഫിറോസ്, പ്രൊബേഷൻ എസ്.ഐ. ബിജു വിജയൻ, എസ്.സി.പി.ഒ. സി.എം. സുനിൽകുമാർ സി.പി.ഒ. അനുരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.