പേരാമ്പ്ര : കാണാതായ പോലീസുകാരനെ പേരാമ്പ്ര ഇൻസ്പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽനിന്ന് കണ്ടെത്തി. വളയത്തുള്ള കെ.എ.പി. ആറാം ബറ്റാലിയനിലെ ഹവിൽദാർ പേരാമ്പ്ര എടവരാട് തിരുത്തൂർ ടി. വിനുവിനെയാണ് (36) നാട്ടിലെത്തിച്ചത്. കോയമ്പത്തൂരിലുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്. ശബരിമല ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് ഡിസംബർ 28-നാണ് വിനു വീട്ടിൽനിന്ന് പോയത്. ജനുവരി രണ്ടുവരെ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു. മൂന്നുവരെ ഓഫീസിൽ അവധി നൽകുകയും ചെയ്തിരുന്നു.
നാലിന് ഡ്യൂട്ടിക്കെത്താത്തതിനാൽ സഹപ്രവർത്തകർ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചപ്പോഴാണ് ശബരിമലയിലേക്ക് ഡ്യൂട്ടിക്ക് പോയിട്ടില്ലെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. പിന്നാലെ പേരാമ്പ്ര പോലീസിൽ പരാതി നൽകുകയായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ്, അരുൺ ഘോഷ്, ശ്രീജിത് സിഞ്ചുദാസ്, ജയേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.