
നാദാപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ.പി.സി.സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റർ. നാദാപുരം മണ്ഡലത്തിൽ മത്സരിക്കാൻ മുല്ലപ്പള്ളിയെ പരിഗണിക്കുന്നുവെന്ന വാർത്ത വരുന്നതിനിടെയാണ് സേവ് കോൺഗ്രസ് എന്ന പേരിൽ വിവിധയിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
മുല്ലപ്പള്ളിയെ നാദാപുരത്ത് ആനയിക്കുന്ന നാദാപുരത്തെ ലീഗിന്റെ മണ്ഡലം നേതൃത്വത്തോട്, നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലംതൊടാതെ തോൽപിച്ചിരിക്കും തീർച്ച. എന്നാണ് പോസ്റ്ററിൽ പറയുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രൻ വയസ്സ് 82. ഏഴ് തവണ എം.പി, രണ്ട് തവണ കേന്ദ്രമന്ത്രി, കെ.പി.സി.സി പ്രസിഡന്റ്, എഐസിസി സെക്രട്ടറി ഇനിയും അധികാരക്കൊതി തീർന്നില്ലേ എന്നും ചോദിക്കുന്നുണ്ട്.
മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം ജില്ലയിൽ കോൺഗ്രസിന് മൊത്തത്തിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. മുല്ലപ്പള്ളിക്കും നാദാപുരത്ത് മത്സരിക്കാൻ താത്പര്യമുണ്ട്. ഇതിനിടെയാണ് പോസ്റ്റർ പ്രചാരണം. കഴിഞ്ഞ ദിവസം അഴിയൂരിലും മുക്കാളിയിലും ഉൾപ്പെടെ ഇതേ രീതിയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.