പേരാമ്പ്ര : കടിയങ്ങാട് പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കര പള്ളിക്കുന്നിൽ കാർ റോഡരികിലെ മരത്തിലിടിച്ച് യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. എല്ലാവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് അപകടം. കടിയങ്ങാട്ടുനിന്നും പെരുവണ്ണാമൂഴി ഭാഗത്തേക്ക് വന്നതായിരുന്നു കാർ. ചങ്ങരോത്ത് സ്കൂളിലേക്ക് തിരിയുന്ന റോഡിനടുത്തുള്ള മരത്തിലാണ് ഇടിച്ചത്.
നേരത്തേ ഇവിടെ ഹമ്പുണ്ടായിരുന്നു. അടുത്തിടെ റോഡ് നവീകരണം നടന്നപ്പോൾ ഹമ്പ് എടുത്തുമാറ്റിയതാണ്. റോഡ് വീതികൂട്ടിയപ്പോൾ റോഡിനോടുചേർന്നുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നത് നടന്നിരുന്നില്ല. ഇത്തരത്തിൽ മുറിച്ചുനീക്കേണ്ട മരത്തിലാണ് വാഹനമിടിച്ചത്. നവീകരണം നടന്നതോടെ വാഹനങ്ങൾ നല്ലവേഗത്തിലാണ് പോകുന്നത്. ആഴ്ചകൾക്കുമുമ്പ് പന്തിരിക്കരയിൽ അതിവേഗത്തിൽ വന്ന കാർ ഒരു ഓട്ടോയിൽ ഇടിച്ച് ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് പരിക്കേറ്റിരുന്നു. റോഡിൽ ആവശ്യമുള്ള ട്രാഫിക് സൂചനാബോർഡുകളും സ്ഥാപിച്ചിട്ടില്ല.