
ന്യൂമാഹി: കടവരാന്തയിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് കള്ളകുറിച്ചി വെട്രിപുരം സ്വദേശി ലക്ഷ്മണൻ ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് പള്ളിപ്പുറം നസ്വാസ്ഥാന സ്വദേശിയും നെടിയിരിപ്പിൽ ഹൗസിൽ താമസക്കാരനുമായ എൻ. പ്രകാശൻ (56) നെ ന്യൂമാഹി ചെക്ക്പോസ്റ്റിന് സമീപമുള്ള സ്കൈ ബോൺ ട്രാവൽസിന്റെ വരാന്തയിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്നും രക്തം പുരണ്ട കരിങ്കല്ല് പോലീസ് കണ്ടെത്തിയിരുന്നു. ന്യൂമാഹി പോലീസ് ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിൽ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതിയെ പിടികൂടാനായത്. കുറച്ചുകാലമായി മാഹി–അഴിയൂർ പ്രദേശങ്ങളിൽ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു പ്രകാശൻ. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.