
കോഴിക്കോട്: കടത്തനാട്ട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. കോട്ടയം പാലയിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. സൊസൈറ്റിയുടെ മുൻ ഡയറക്‌ടറും കേസിലെ ഒന്നാം പ്രതിയുമായ റെനീഷിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
2.16 കോടിയുടെ വൻക്രമക്കേടാണ് കടത്തനാട്ട് ലേബർ സൊസൈറ്റിയിൽ നടന്നത്. സഹകരണസംഘം ഓഡിറ്റ് ജോയിന്റ് ഡയറക്‌ടർ കോഴിക്കോട്ട് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ഡിസംബറിൽ സഹകരണസംഘം വടകരപൊലീസിൽ പരാതി നൽകി. തുടർന്ന് അന്വേഷണം ക്രൈബ്രാഞ്ചിനും കൈമാറി.കേസിൽ സൊസൈറ്റി മുൻ പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ സുധീർകുമാറിനെ ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്‌തിരുന്നു.
കഴിഞ്ഞ മേയ് 29ന് സഹകരണസംഘത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിൽ മനംനൊന്ത് ഇബ്രാഹിം ഹാജി എന്നയാൾ സുധീർ കുമാറിന്റെ വീടിന് മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കിയിരുന്നു.