(ടി.ഇ. രാധാകൃഷ്ണൻ)
നാദാപുരം : ഉരുൾ തീർത്ത ശൂന്യതക്കിടയിലും ഡാരിൽ ഡൊമനിക്കും കുടുംബവുംമറന്നില്ല ഉഷക്ക് നൽകിയ വാഗ്ദാനം. വിലങ്ങാട് മഞ്ഞച്ചീളിയിയിൽ സർവ്വ സംഹാരമായി താണ്ഡവമാടിയ ഉരുൾപൊട്ടലിൽ വീടും ,ജീവിത സമ്പാദ്യങ്ങളും സർവ്വവും നഷ്ടപെട്ട കൊടിമരത്തും മുട്ടിൽ ഡാരിലാണ് തലചായ്ക്കാനിടമില്ലാതെ ശൂന്യതയിൽ വാടക വീട്ടിൽ കഴിയുകയായിരുന്നു ഉഷക്കും രണ്ട് മക്കൾക്കും വീട് നിർമ്മിച്ച് നൽകി മാനവ സ്നേഹത്തിൻ്റ ഉദാത്ത മാതൃക തീർത്തത്. ഉരുൾ ഭീകരതയ്ക്ക് മുമ്പായിരുന്നു ഡാരിലും കുടുംബവും വീട് നിർമിച്ച് തരാമെന്ന് ഉഷക്ക് വാക്ക് കൊടുത്തത്. കോവിഡിന് ശേഷം ഡാരിലിൻ്റ മാതാപിതാക്കൾക്കും കുഞ്ഞ് മക്കൾക്കും തണലായി നിന്നത് ഉഷയായിരുന്നു. ഭർത്താവ് മണിമലപറമ്പിൽ ഷിബു മരിച്ചതോടെ വാടക വീട്ടിൽ ഇവർ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ഇതിനിടെ ഉഷ വീട് നിർമാണത്തിന് സ്ഥലം വാങ്ങിയെങ്കിലും പണം ഇല്ലാതായതോടെ ഭൂമിയുടെരജിസ്‌ട്രഷൻ നടപടികൾ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇത് മനസിലാക്കിയ ഡാരിലും , നാട്ടുകാരും ചേർന്ന് രജിസ്ട്രേഷൻ പൂർത്തിയാക്കിയെങ്കിലും വീട് നിർമാണം പൂർത്തികരിക്കാൻ കഴിഞ്ഞില്ല. ലൈഫ് പദ്ധതിക്ക് അപേക്ഷ നൽകിയതോടെ രണ്ട് ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. ഈ തുക കൊണ്ട് വീടിൻ്റെ അടിത്തറയും ,ഭിത്തിയും, മേൽക്കൂരയുടെ കോൺക്രീറ്റും കഴിഞ്ഞെങ്കിലും വീട് നിർമ്മാണം പിന്നെയും ബാക്കിയായി. ഇതിനിടയിലാണ് കാര്യങ്ങൾ എല്ലാം തലകീഴായി മറിഞ്ഞത്. ഉരുൾ തീർത്ത ഭീകരതയിൽ ഡാരിലും നിസ്സഹായവസ്ഥയിലായി. പക്ഷെ സ്വന്തം വീടിനേക്കാൾ വലുത് അവർ നൽകിയ വാക്കിനായിരുന്നു വില എന്നുറപ്പിച്ച് ഉഷയ്ക്കും മക്കൾക്കും നൽകിയ വാക്ക് പാലിക്കാനായി ഡാരിലും കുടുംബവും രംഗത്തെത്തി.
ഉരുൾ പൊട്ടൽ കഴിഞ്ഞ് ഒന്നര മാസം കഴിയുമ്പഴേക്കും ബാക്കി പണികൾ മുഴുവൻ തീർത്ത് നൽകുകയായിരുന്നു. ഉഷയുടെ വീട് നിർമാണം പൂർത്തിയായിട്ട് മതി സ്വന്തം വീട് എന്ന ഉറച്ച തീരുമാനമായിരുന്നു ഡാരിലിൻ്റെ കുടുംബത്തിൻ്റേത്. ഉഷക്കും രണ്ട് മക്കൾക്കും സ്വന്തമായി വീട് നിർമിച്ച് നൽകണമെന്ന ഉറച്ച തീരുമാനത്തിൽ നിന്ന് മാറാതെ പ്രവർത്തികൾ മുന്നോട്ട് പോയി. ഉരുൾപൊട്ടലിന് ശേഷം ഒന്നര മാസം കൊണ്ട് വീടിൻ്റെ എല്ലാ പ്രവർത്തിയും പൂർത്തിയാക്കി ഇന്ന് ഗൃഹപ്രവേശമാണ്. വീടിൻ്റെ ശുചി മുറിക്കാവശ്യമായ വസ്തുക്കൾ കല്ലാച്ചിയിലെ മോഹൻലാൻ അസോസിയേഷനാണ് നൽകിയത്. ഡാരിയൽ മുൻ കൈയ്യെടുത്ത് വീട് പൂർത്തിയാക്കിയ സന്തോഷത്തിലാണ് ഉഷ.