നാദാപുരം : ദേശീയപാത നിർമാണപ്രവൃത്തികൾ നടക്കുന്നതിനാലും ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായും വലിയവാഹനങ്ങൾ കൈനാട്ടിയിൽ നിന്നും നാദാപുരം ടൗൺവഴി തിരിച്ചുവിട്ടതോടെ ടൗണുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കനത്തമഴയും വലിയവാഹനങ്ങളുടെ വരവുംമൂലം നാദാപുരം, കല്ലാച്ചി, ചേലക്കാട്, കക്കട്ട് ഭാഗങ്ങളിലാണ് ഗതാഗതക്കുരുക്ക്. വളവും തിരിവും ഏറെയുളള റോഡാണ് നാദാപുരം മേഖലയിലുള്ളത്. വലിയവാഹനങ്ങൾക്ക് എളുപ്പം സഞ്ചരിക്കാൻപാകത്തിലുള്ളവയല്ല. അതിനാൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെഭാഗമായി പ്രധാനടൗണുകളിലും കവലകളിലും രണ്ടുപോലീസുകാരെവീതം ട്രാഫിക് ജോലിക്കായി നിയോഗിച്ചിട്ടുണ്ട്.
ഹോം ഗാർഡിന്റെ സേവനവും പ്രധാനടൗണുകളിലുണ്ടാകും. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങൾ, ടാങ്കർ ലോറികൾ, പയ്യോളി, കൊയിലാണ്ടിവഴി യാത്രനിർബന്ധമല്ലാത്ത ടൂറിസ്റ്റ് ബസുകൾ എന്നിങ്ങനെ വലിയവാഹനങ്ങൾക്കാണ് നിയന്ത്രണമേർപ്പെടുത്തിയത്. കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വലിയവാഹനങ്ങൾ കൈനാട്ടിയിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് ഓർക്കാട്ടേരി പുറമേരി നാദാപുരം കക്കട്ടിൽ കുറ്റ്യാടി പേരാമ്പ്ര ബൈപ്പാസ് അത്തോളിവഴി കോഴിക്കോട്ടേക്കുപോകണം. കോഴിക്കോട്ടുനിന്നും കണ്ണൂർ ഭാഗത്തേക്കുപോകണ്ട വലിയവാഹനങ്ങൾ പൂളാടിക്കുന്ന് അത്തോളി പേരാമ്പ്ര ബൈപ്പാസ് കുറ്റ്യാടി കക്കട്ട് നാദാപുരം തൂണേരി പെരിങ്ങത്തൂർവഴി പോകണം.