ഒരുപാട് നേരം ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് വിദഗ്ധർ. അർശ്ശസ്, പെൽവിക് മസിലുകളുടെ ദുർബലമാകുക തുടങ്ങിയ പ്രശ്നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. പലരും മൊബൈൽ ഫോണും കൊണ്ടാണ് ടോയ്‌ലറ്റിലേക്ക് പോകുന്നത് തന്നെ. ഇരിക്കുന്ന സമയമത്രയും ഫോണിൽ സ്ക്രോൾ ചെയ്തുകൊണ്ടിരിക്കും. അത്രയും രോഗാണുക്കളെയാണ് നാം മൊബൈലിലേക്ക് ആവാഹിക്കുന്നത്.10 മിനിറ്റിലേറെ ടോയ്‍ലറ്റിൽ ചെലവഴിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ടോയ്‌ലറ്റ് സംബന്ധമായ പ്രശ്നങ്ങളുമായി എത്തുന്നവരിൽ കൂടുതലും ബാത്റൂമിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നവരാണെന്ന് ടെക്സാസിലെ ഡോ. ലായ് ക്സു പറയുന്നു. ഒരു കസേരയിൽ ഇരിക്കുന്നത് പോലെയല്ല, ടോയ്‌ലറ്റിൽ ഇരിക്കുന്നത്. ശരീരത്തിന്റെ ചില ഭാഗങ്ങൾക്ക് മാത്രമാണ് ഓവൽ ഷേപ്പിലുള്ള ടോയ്‌ലറ്റ് സീറ്റിൽ സപ്പോർട്ട് ലഭിക്കുന്നത്. മറ്റ് ഭാഗം താണുമാണ് ഇരിക്കുക. ഒരു പാട് നേരം ഇങ്ങനെ ഇരിക്കുന്നത് ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുത്തും. മലാശയത്തിന് സമ്മർദവുമുണ്ടാക്കും.
ടോയ്‌ലറ്റിലിരുന്ന് മൊബൈൽ ഫോൺ സ്ക്രോൾ ചെയ്യുന്നത് സമയത്തെ കുറിച്ച് പോലും ബോധമില്ലാതാക്കുമെന്ന് ന്യൂയോർക്കിലെ സ്റ്റോണി ബ്രൂക്ക് മെഡിസിനിലെ ഡയറക്ടറും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ഫറ മൻസൂർ ചൂണ്ടിക്കാട്ടി. പെൽവിക് മസിലുകളിൽ വലിയ സമ്മർദമാണ് ഒരുപാട് നേരം ടോയ്‌ലറ്റിൽ ഇരുന്നാൽ സംഭവിക്കുന്നത്. ബാത്റൂമിൽ പോകുന്ന സമയം കുറയ്ക്കുക, ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക എന്നതാണ് ഇത് തടയാനുള്ള ഒരേയൊരു കാര്യമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഒരിക്കലും മൊബൈലും പുസ്തകങ്ങളും മാഗസിനുകളുമായി ബാത്റൂമിൽ പോകരുത്. ഒരുപാട് നേരം ടോയ്‌ലറ്റിലിരിക്കാൻ അത് കാരണമാകും. നന്നായി വെള്ളം കുടിക്കുക, നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക, എന്നിവ മലബന്ധം അകറ്റുമെന്നും ടോയ്‌ലറ്റിൽകൂടുതൽ സമയം ചെലവഴിക്കുന്നത് തടയാമെന്നും അന്താരാഷ്ട്ര ഗ്യാസ്ട്രോ എൻട്രോളജി വിദഗ്ധൻ ഡോ. ലാൻസ് ഉറദോമോ പറയുന്നു. അതുപോലെ ടോയ്‌ലറ്റിൽ കൂടുതൽ നേരം ഇരിക്കാനുള്ള പ്രവണത ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണെന്നും ഡോക്ടർമാർ പറയുന്നു. മലബന്ധം കുടലിന് ബാധിക്കുന്ന അർബുദത്തിന്റെ സൂചനയാണെന്നും മുന്നറിയിപ്പുണ്ട്.