
മാനന്തവാടി: ബെംഗളൂരുവില്‍നിന്ന് വടകരയിലേക്ക് കടത്തുകയായിരുന്ന മൂന്നുകോടി രൂപയുടെ കുഴല്‍പ്പണവുമായി അഞ്ചുപേര്‍ പിടിയില്‍. വടകര മേമുണ്ടകണ്ടിയില്‍വീട്ടില്‍ സല്‍മാന്‍ (36),അമ്പലപറമ്പത്ത് വീട്ടില്‍ ആസിഫ് (24), വില്യാപ്പള്ളി പുറത്തൂട്ടയില്‍ റസാക്ക് (38), മേമുണ്ട ചെട്ടിയാംവീട്ടില്‍ മുഹമ്മദ് ഫാസില്‍ (30), താമരശ്ശേരി പുറാക്കല്‍ വീട്ടില്‍ മുഹമ്മദ് (അപ്പു) എന്നിവരെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും മാനന്തവാടി പോലീസും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കാറിന്റെ രഹസ്യ അറയില്‍നിന്നാണ് 3,15,11,900 രൂപ കണ്ടെത്തിയത്. ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവരെയാണ്കാറില്‍ പണവുമായി പിടികൂടിയത്. ഇവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സല്‍മാന്‍, സുഹൃത്ത് മുഹമ്മദ് എന്നിവരെയും പിടികൂടി.
സംഘം സഞ്ചരിച്ച കാര്‍ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഡ്രൈവിംഗ് സീറ്റിനും പാസഞ്ചര്‍ സീറ്റിനും അടിയിലായി നിര്‍മിച്ച പ്രത്യേക അറയില്‍നിന്ന് അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നൂറിന്റെയും നോട്ടുകള്‍ കണ്ടെത്തിയത്. സല്‍മാന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ കെആര്‍ നഗറില്‍നിന്നാണ് പണം കൊണ്ടുവന്നത്. രണ്ടുപേര്‍ സ്‌കൂട്ടറില്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി എത്തിച്ച പണം കാറിലേക്ക് മാറ്റിയാണ് ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവര്‍ വടകരയിലേക്ക് പുറപ്പെട്ടത്. പണവുമായി എത്തിയവര്‍ മാനന്തവാടിയില്‍ പിടിയിലായ വിവരമറിഞ്ഞാണ് മുഹമ്മദുമായി സല്‍മാന്‍ മാനന്തവാടിയിലെത്തിയത്. സല്‍മാന്റെ ലൊക്കേഷന്‍ പരിശോധിച്ച പോലീസ് മാനന്തവാടികോടതിയുടെ പരിസരത്തുനിന്ന് ഇയാളെയും മുഹമ്മദിനെയും പിടികൂടി. രാസലഹരി കടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. പണവും പ്രതികളെയും കസ്റ്റംസിന് കൈമാറി. ഹവാലാ ഇടപാടുകാരായ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ചിലരുടെ നിര്‍ദേശപ്രകാരം ബെംഗളൂരുവിലെത്തി ഇന്ത്യന്‍ കറന്‍സികള്‍ കൈപ്പറ്റി വടകരയില്‍ എത്തിച്ചുനല്‍കാറുണ്ടെന്നും കമ്മിഷന്‍ സ്വീകരിക്കാറുണ്ടെന്നും സല്‍മാനും മുഹമ്മദും സമ്മതിച്ചതായി പോലീസ് അറിയിച്ചു.