ശബരിമല: പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമ്മ പുലർച്ചെ ദർശനം നടത്തി മടങ്ങിയതോടെ മകരവിളക്ക് തീർത്ഥാടന കാലത്തിന് സമാപനമായി. ഇന്നലെ രാത്രിയിൽ മാളികപ്പുറത്ത് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ ഗുരുതിയോടെ തീർത്ഥാടക ദർശനത്തിന് സമാപ്‌തിയായിരുന്നു.
ഇന്ന് രാവിലെ അഞ്ചിന് നടതുറന്ന ശേഷം നിവേദ്യവും അഭിഷേകവും കഴിച്ചു. ശേഷം തന്ത്രി കണ്‌ഠര് രാജീവരുടെയും മകൻ ബ്രഹ്മദത്തന്റെയും കാർമ്മികത്വത്തിൽ മഹാഗണപതിഹോമം നടന്നു. പിന്നാലെ പന്തളത്തുനിന്നെത്തിയ തിരുവാഭരണ സംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാംപടിയിറങ്ങി. തുടർന്ന് പന്തളം രാജപ്രതിനിധി തൃക്കേട്ട നാൾ രാജരാജ വർമ്മയുടെ ദർശനത്തിനുശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്രയിലാക്കി നടയടച്ചതോടെ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് സമാപ്‌തിയായി.ശേഷം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനിൽക്കുന്ന രാജപ്രതിനിധിക്ക് ശ്രീകോവിലിന്റെ താക്കോൽ കൂട്ടവും പണക്കിഴിയും മേൽശാന്തി കൈമാറി.
ഇവ രണ്ടും മടക്കി നൽകി ശബരിമലയിലെ പൂജകൾ അടുത്ത തീർത്ഥാടനകാലം വരെ തുടരാൻ നിർദ്ദേശിച്ച് തിരുവാഭരണത്തിനൊപ്പം രാജപ്രതിനിധിയും മടങ്ങി.