
പെരുമ്പിലാവ് (തൃശ്ശൂർ) : ലോറി തട്ടി കാറിനു മുകളിൽ വീണ മരക്കൊമ്പ് ശരീരത്തിൽ കുത്തിക്കയറി കാർ യാത്രക്കാരിയായ യുവതി മരിച്ചു. എടപ്പാൾ പെരുമ്പറമ്പ് കുണ്ടയാർ പാലത്തിനു സമീപം ചെട്ടിക്കുന്നത്ത് ആതിര(27)യാണ് മരിച്ചത്. കാറോടിച്ച സുഹൃത്ത് തവനൂർ തൃപ്പാലൂർ സൈഫുദ്ദീന് പരിക്കേറ്റു.
റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പിൽ ലോറിയുടെ മുകൾഭാഗം തട്ടിയപ്പോൾ ഒടിഞ്ഞ് പിറകേ വന്ന കാറിനു മുകളിലേക്ക് വീഴുകയായിരുന്നു. കാർ കുറ്റിപ്പുറം ഭാഗത്തേക്കും ലോറി കുന്നംകുളം ഭാഗത്തേക്കും പോകുകയായിരുന്നു. കടവല്ലൂർ അമ്പലം സ്റ്റോപ്പിനടുത്ത് വ്യാഴാഴ്ച വൈകീട്ടാണ് അപകടം. പരിക്കേറ്റ ആതിരയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരേതരായ അശോകന്റെയും ശിഖയുടെയും മകളാണ് ആതിര. എടപ്പാൾ കെവിആർ ബൈക്ക് ഷോറൂമിലെ ജീവനക്കാരിയാണ്. ഭർത്താവ്: വിഷ്ണു. സഹോദരങ്ങൾ: അഭിലാഷ്, അഞ്ജുഷ.