കോഴിക്കോട്:പാക്കിസ്ഥാന് പൗരത്വം ഉള്ളവർ രാജ്യം വിടണമെന്ന് ആവശ്യപ്പെട്ടു നല്കിയ നോട്ടീസ് പോലീസ് പിന്‍വലിച്ചു. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. മൂന്നു പേര്‍ക്കായിരുന്നു കോഴിക്കോട് റൂറല്‍ പോലീസ് പരിധിയില്‍ നോട്ടീസ് നല്‍കിയത്. മൂന്നുപേരും ലോംഗ് ടേം വീസയ്ക്ക് അപേക്ഷ നല്‍കിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. വടകര വൈക്കിലിശ്ശേരിയില്‍ താമസിക്കുന്ന ഖമറുന്നീസ, സഹോദരി അസ്മ, കൊയിലാണ്ടിയിൽ താമസിക്കുന്ന ഹംസ എന്നിവർക്കാണ് ഞായറാഴ്ചക്കകം രാജ്യം വിട്ടുപോകാനാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയത്.
രാജ്യം വിട്ടുപോകാത്തപക്ഷം നിയമ നടപടികളുണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന ഖമറുന്നീസ, അസ്മ എന്നിവരുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993ലാണ് കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022ലാണ് വടകരയിലെത്തിയത്. അസ്മ ചൊക്ലിയിലാണ് താമസം. 2024ൽ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ വിസക്ക് അപേക്ഷിച്ചെങ്കിലും ഇവർക്ക്ലഭിച്ചില്ലെന്നാണ് വിവരം.കേരളത്തില്‍ ജനിച്ച ഹംസ 1965ലാണ് തൊഴില്‍ തേടി പാകിസ്താനിലേക്ക് പോയത്. ബംഗ്ലാദേശ് വിഭജന ശേഷം 1972ല്‍ നാട്ടിലേക്ക് വരാന്‍ പാസ്‌പോര്‍ട്ട് ആവശ്യമായി വന്നപ്പോഴാണ് ഹംസ പാക് പൗരത്വം സ്വീകരിച്ചത്. 2007ല്‍ കച്ചവടം അവസാനിപ്പിച്ച് കേരളത്തിലെത്തിയ ഹംസ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയിരുന്നു.