കോഴിക്കോട്: നിയമവിദ്യാർത്ഥിയായ മകളെ അദ്ധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ വി ഷാജിയാണ് കാലിക്കറ്റ് സർവകലാശാല നിയമ പഠന വിഭാഗത്തിൽ എത്തി കൈ ഞരമ്പ് മുറിച്ചത്. ഷാജിയുടെ മകൾ ഇന്ദുലേഖ അവസാന സെമസ്റ്റർ എൽഎൽഎം വിദ്യാർത്ഥിയാണ്. പഠനവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം കൃത്യസമയത്ത് സമർപ്പിച്ചിട്ടും നിരവധി തവണ തിരുത്തൽ ആവശ്യപ്പെട്ട് ഗൈഡ് മടക്കി നൽകിയെന്നാണ് പരാതി.
പഠന വിഭാഗം മേധാവി അംഗീകരിച്ച ശേഷമാണ് ഗൈഡ് തിരുത്തൽ ആവശ്യപ്പെട്ടതെന്നാണ് ഷാജി ആരോപിക്കുന്നത്. ഒടുവിൽ ഗവേഷണ പ്രബന്ധം നിരസിച്ചുവെന്ന തരത്തിൽ എഴുതി നൽകണമെന്ന ആവശ്യവുമായി മകൾ പഠന വിഭാഗത്തിൽ എത്തിയെങ്കിലും അധികൃതർ തയ്യാറായില്ല. പിന്നീടാണ് പേപ്പർ മുറിക്കുന്ന ബ്ലേയ്ഡ് ഉപയോഗിച്ച് ഇയാൾ ഞരമ്പ് മുറിച്ചത്. ഓഫീസിലുണ്ടായിരുന്ന ജീവനക്കാർ ഷാജിയെ ഉടൻ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.