നാദാപുരം: മോഷ്ടിച്ചതും നഷ്ടപ്പെട്ടതുമായ അമ്പതിലേറെ സ്മാർട്ട് ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്ക് തിരികെ നൽകി ശ്രദ്ധയാകുകയാണ് വളയം പോലീസ്. കേന്ദ്ര സർക്കാരിൻ്റെ സെൽട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ ആപ്പ് മുഖേനയാണ് നഷ്ടപ്പെട്ട ഫോണുകൾ വീണ്ടെടുക്കുന്നത്. ടെലിമാറ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ ടെക്നോളജി ഡെവലപ്മെന്റ് സെന്റർ ഡൽഹി, മഹാരാഷ്ട്ര, കർണാടക, എന്നിവിടങ്ങളിലെ ടെലികോം സർക്കിളുകളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഏതാനും മാസം മുമ്പ് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിപ്പിച്ചത്. ബുധനാഴ്ച്ച കൈവേലി കിളിയനാടുമ്മൽ വിഷ്ണുവിൻ്റെ ട്രെയിനിൽ വച്ച് നഷ്ടപ്പെട്ട ഫോൺ തമിഴ്നാട്ടിൽ നിന്ന് നിന്നുമാണ് വീണ്ടെടുത്ത് നൽകിയത്. വളയം പോലീസ് സ്റ്റേഷനിൽ വച്ച് ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലി ഫോൺ ഉടമസ്ഥന് കൈമാറി. കഴിഞ്ഞ ദിവസം മരണവീട്ടിൽ നിന്ന് നഷ്ടപ്പെട്ട ഫോൺ പന്ത്രണ്ട് വയസ്സ് കാരനിൽ നിന്നാണ് വീണ്ടെടുത്തത്. കഴിഞ്ഞ മാസം ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പോയ വളയം പോലീസ് സംഘം ഡൽഹി പോലീസിൻ്റെ മുന്നിൽ വന്ന മൊബൈൽ ഫോൺ കളവ് കേസ് അന്വേഷിച്ച് തുമ്പുണ്ടാക്കിയിരുന്നു.
വളയം സ്റ്റേഷനിൽ ഇരുന്ന് ഫോൺ ട്രേയ്സ് ചെയ്ത് ഡൽഹിയിലുള്ള പരാതിക്കാരനെ ബന്ധപ്പെട്ട് ഡൽഹി പോലീസിൻ്റെ സഹകരണത്തോടെയാണ് വീണ്ടെടുത്ത് നൽകിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതികൾ വരാറുണ്ടെന്നും ഇത്തരത്തിൽ നിരവധി ഫോണുകൾ വീണ്ടെടുത്ത് നൽകിയതായി വളയം ഇൻസ്പെക്ടർ ഇ.വി. ഫായിസ് അലി പറഞ്ഞു. നേരത്തെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ പോലീസിന് കണ്ടെത്താൻ പ്രയാസമായിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിൻ്റെ സെൽട്രൽ എക്വിപമെന്റ് ഐഡന്റിറ്റി രജിസ്റ്റർ ആപ്പ് മുഖേന മോഷ്ടിക്കപ്പെട്ടതും നഷ്ടപ്പെട്ടതുമായ മൊബൈൽ ഫോണുകൾ ട്രേയ്‌സ് ചെയ്യാനും കണ്ടെത്താനും എളുപ്പം കഴിയുന്നുണ്ട്. ഐ.എം.ഇ. നമ്പർ മറന്ന് പോയാലും ക്ലോൺ ചെയ്താലും നഷ്ടപ്പെട്ട ഫോൺ ട്രേയ്സ് ചെയ്യാൻ സാധിക്കും. ഉടമസ്ഥന് ഫോൺ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്. വളയം ഇൻസ്പെക്ടർ ഇ.വി.ഫായിസ് അലി, സബ് ഇൻസ്പെക്ട് എം.പി. വിഷ്ണു, സി.പി.ഒ.മാരായ എൻ.എം.അനൂപ്, കെ. മനോജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് നേതൃത്വം നൽകിയത്.