നാദാപുരം: തൂണേരി മുടവന്തേരിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് കടന്നൽ കുത്തേറ്റു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. മുടവന്തേരി കളത്തിക്കണ്ടി താഴെ പൊയിൽ സുജാത (45), തുണ്ടിയിൽ ഷാനിഷ് (40) എന്നിവരെയാണ് സാരമായ പരിക്കേറ്റ് തലശ്ശേരി ഗവ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ മറ്റ് ഏഴ് പേരെയും തലശ്ശേരി ഗവ ആശുപത്രിയിലും മറ്റുള്ളവർ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കുന്നതിനിടെയാണ് കടന്നൽ കുത്തേറ്റത്.
പക്ഷികൾ കടന്നൽ കൂട് അക്രമിച്ചതോടെ കടന്നലുകൾ കൂട്ടത്തോടെ ഇളകി അക്രമിക്കുകയായിരുന്നു. സുജാതയുടെ ശരീരത്തിലാകമാനം കുത്തേറ്റ് സമീപത്തെ വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. രക്ഷാ പ്രവർത്തനത്തിനിടെയാണ് ഷാനിഷിനും കുത്തേറ്റത്. ഷാനിഷിനെ രക്ഷപ്പെടുത്തുന്നതിനിടെ ഭാര്യ സൗമ്യ ( 39) ക്കും കുത്തേറ്റു. തൊഴിലാളികൾ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരും ഓടിയെത്തി. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ മറ്റുള്ളവരെയും കടന്നലുകൾ അക്രമിക്കുകയായിരുന്നു.