നാദാപുരം: താലൂക്ക് ആശുപത്രി പഴയ കോവിഡ് വാർഡിന് സമീപം പ്ലാസ്റ്റിക്ക് കവറിൽ പാമ്പിനെ കണ്ടത് ഭീതി പരത്തി. ഒടുവിൽ ഭീതി കൂട്ടച്ചിരിയിൽ അവസാനിച്ചു. രാവില 10 മണിയോടെ ആശുപത്രിയിൽ ഫോഗിങിനായി എത്തിയ തൊഴിലാളികളാണ് പ്ലാസ്റ്റിക് കവറിൽ പാമ്പിന്നെ കണ്ടെത്തിയത്. ഇതേ തുടർന്ന് കൂടുതൽ ജീവനക്കാരെത്തി പ്ലാസ്റ്റിക്ക് കവറിന് മുകളിൽ വടി കൊണ്ട് തല്ലി ക്കൊല്ലാൻ ശ്രമിച്ചു. കൂട്ട അടി കൊണ്ടിട്ടും പാമ്പിന് അനക്കം ഇല്ലാതായതോടെ ജീവനക്കാർ കവറിൽ നിന്ന് പാമ്പിനെ പുറത്തേക്കിട്ടതോടെയാണ് അമളി മനസിലായതും കൂട്ടച്ചിരിയിൽ അവസാനിച്ചതും. പ്രദേശത്തെ ഏതോ വിരുതൻ ചൈനീസ് നിർമ്മിത പ്ലാസ്റ്റിക് പാമ്പുകളെ ഉപേക്ഷിച്ച് കബളിപ്പിക്കുകയായിരുന്നു.