നാദാപുരം: സ്ഫോടക വസ്തുവെന്ന സംശയത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് സിറിഞ്ചുകളും , ലഹരി വസ്തുക്കൾ അളക്കാനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് മെഷിനും. വളയം മാമുണ്ടേരിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിനോട് ചേർന്ന ഇടവഴിയിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടത്. ഇട വഴിയിൽ പ്ലാസ്റ്റിക്ക് ബക്കറ്റ് കണ്ടതോടെ നാട്ടുകാർ സ്ഫോടക വസ്തുവാണെന്ന് കരുതി വളയം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വളയം പോലീസും ,ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് സിറിഞ്ചുകളും, മാരക ലഹരി വസ്തുക്കൾ തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് മെഷീനുമാണ് ഇതെന്ന് മനസ്സിലായത്. സിറിഞ്ചും, ഇലക്ട്രോണിക് ത്രാസും ഏറെ പഴക്കമുള്ളതാണെന്ന് പോലീസ് പറഞ്ഞു. ഇവ എങ്ങനെ ഇവിടെ എത്തി എന്നാണ് പോലീസ് അന്വേഷിക്കുന്നത്.