നാദാപുരം: കല്ലാച്ചി-വളയം റോഡിലൂടെ യുവാക്കള്‍ അപകടകരമായരീതിയില്‍ കാറോടിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ഒരുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍വാഹനവകുപ്പ്. കോഴിക്കോട് എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ. ബി. ഷെഫീക്കാണ് വാഹനമോടിച്ച ആയഞ്ചേരി സ്വദേശി മുഹമ്മദ് മാസിന്റെ ലൈസന്‍സ് കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തത്. ഇതിനുപുറമെ ചേവായൂരില്‍ നടക്കുന്ന ഒരുദിവസത്തെ റോഡ് സേഫ്റ്റി ക്ലാസിലും പങ്കെടുക്കണം.
മേയ് 23-ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ആയഞ്ചേരിയില്‍നിന്ന് വിവാഹപാര്‍ട്ടിയുടെകൂടെ വരുകയായിരുന്ന കാറില്‍ പിന്നിലെ ഇരുവശങ്ങളിലെയും ഡോറിനുമുകളില്‍ യുവാക്കള്‍ ഇരുന്ന് അപകടകരമായരീതിയില്‍ യാത്രചെയ്യുകയായിരുന്നു. പിന്നിലെ വാഹനത്തിലെ യാത്രക്കാര്‍ സംഭവം മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ്‌ചെയ്തു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍വാഹനവകുപ്പ് നടപടിയെടുത്തത്.