നാദാപുരം : കല്ലാച്ചി ടൗണിലെ പോസ്റ്റ് ഓഫിസിൽ മോഷണ ശ്രമം. വാതിലിൻ്റെ പൂട്ട് തകർത്താണ് കള്ളൻ അകത്ത് കയറിയത്. തകർത്ത പൂട്ടും ഇരുമ്പ് ദണ്ഡും ഉപേക്ഷിച്ച നിലയിൽ സ്ഥലത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച്ച രാവിലെ ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.നാദാപുരം എസ് ഐ എം നൗഷാദിൻ്റെ നേതൃത്വത്തിൽ പോലീസും , കെ 9 സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നും നഷ്ടമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. രണ്ട് ദിവസം മുമ്പാണ് നാദാപുരം ബസ് സ്റ്റാൻ്റ് പരിസരത്തെ സൂപ്പർ മാർക്കറ്റിൽ നിന്ന് മോഷ്ടാക്കൾ 50000 രൂപയും സാധനങ്ങളും മോഷ്ടിച്ചത്. ഈ സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് സമീപ ടൗണിൽ സർക്കാർ സ്ഥാപനത്തിൽ കള്ളൻ കയറിയത്.