പാലക്കാട്: സംസ്ഥാനത്ത് വേനൽച്ചൂട് കനത്തതോടെ മഞ്ഞപ്പിത്തം പടരുന്നു. ഈവർഷം ജനുവരി ഒന്നുമുതൽ ഏപ്രിൽ നാലുവരെ സംസ്ഥാനത്ത് 2,872 പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സതേടി. ഇതിൽ 14 പേർ മരിച്ചു.
മലിനജലത്തിലൂടെ പടരുന്ന മഞ്ഞപ്പിത്തമാണ് വ്യാപകമാകുന്നത്. പലരിലും രോഗം ഗുരുതരമാകാത്തതിനാൽ ചെറിയൊരു ശതമാനമേ ചികിത്സതേടുന്നുള്ളു. അതിനാൽ അനൗദ്യോഗിക കണക്കിനേക്കാൾ കൂടുതലായിരിക്കും രോഗബാധിതരുടെ എണ്ണം.
മാർച്ചിലാണ് കൂടുതൽപേർക്ക് മഞ്ഞപ്പിത്തം ബാധിച്ചത് -1,026. ഏഴുപേർ മരിച്ചു. മരണം കൂടുതലും മാർച്ചിലാണ്. പലരും രോഗം മൂർച്ഛിച്ചശേഷമാണ് ചികിത്സതേടുന്നത്. ഇത് ജീവൻ അപകടത്തിലാക്കുമെന്ന് ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
പ്രായമായവരിലും ഗർഭിണികളിലും കുട്ടികളിലും മറ്റ് രോഗങ്ങളുള്ളവരിലും മഞ്ഞപ്പിത്തം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. മലിനമായ ജലസ്രോതസ്സുകളിലൂടെയും ശുദ്ധമല്ലാത്ത ജലം ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണപാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്തസമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഇത് പകരുന്നത്.ശീതളപാനീയങ്ങൾ ശുദ്ധമായജലത്തിൽത്തന്നെയാണ് തയ്യാറാക്കുന്നതെന്ന് ഉറപ്പുവരുത്തണം. പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധിയും പ്രധാനമാണ്. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം
രോഗലക്ഷണങ്ങൾ
പനി, ക്ഷീണം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇവ കണ്ടാൽ ഉടൻ ചികിത്സ തേടണം. രണ്ടാഴ്ചവരെ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കില്ല.