നാദപുരം: നികുതി വെട്ടിച്ച് കടത്തി കൊണ്ട് പോവുകയായിരുന്ന ഡീസൽ പിടികൂടാനുള്ള ശ്രമത്തിനിടയിൽ ജി.എസ്.ടി. ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിലായി. താമരശ്ശേരി ഉണ്ണികുളം പൂനൂർ സ്വദേശി പുതിയമ്പ്ര വീട്ടിൽ എൻ.പി. ഷുഹൈബ് (40) നെയാണ് എടച്ചേരി പൊലീസ് ഇൻസ്പെക്ടർ ടി.കെ.ഷിജു അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ താമരശ്ശേരി നിന്നാണ് ഇൻസ്പെകടറും സംഘവും പിടികൂടിയത്. 2024 സപ്തംബറിൽ പെരിങ്ങത്തൂർ കരിയാട് ആണ് കേസിനാസ്പദമായ സംഭവം.
കെ എൽ 57 എൻ 5430 നമ്പർ വാഹനത്തിൽ 2000 ലിറ്റർ ഡീസൽ നികുതി വെട്ടിച്ച് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഉദ്യോഗസ്ഥർ വാഹനം കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അമിത വേഗതയിൽ എത്തിയ വാഹനം ജി.എസ്.ടി. ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഇടിപ്പിച്ച് ഓടിച്ച് പോവുകയായിരുന്നു. ഡീസൽ കടത്തുന്ന ലോറിക്ക് മുന്നിലുണ്ടായിരുന്ന കെ.എൽ 12. 9487 നമ്പർ കാർ റോഡിന് കുറുകെ നിർത്തി മാർഗതടസ്സം സൃഷ്ടിച്ച് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപെടുത്തുകയും ചെയ്തതായാണ് കേസ്.