
വടകര: മണിയൂരിൽ കെഎസ്ഇബിയുടെ ജീപ്പിൽ കൊണ്ടുപോയ തോട്ടി തട്ടി വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ചികിത്സാ ചെലവും നഷ്ടപരിഹാരവും നൽകാൻ കെഎസ്ഇബി വടകര ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കെഎസ്ഇബിയുടെ വാഹനത്തിൽ അപകടകരമായ രീതിയിൽ ബ്ലേഡ് ഘടിപ്പിച്ച തോട്ടി കൊണ്ടുപോയതിൽ കൃത്യവിലോപമോ ഗുരുതരമായ അശ്രദ്ധയോ അന്വേഷണത്തിൽ കണ്ടെത്തിയാൽ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിട്ടു.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. സെപ്റ്റംബർ 16നാണ് സംഭവമുണ്ടായത്. 75 വയസ്സുള്ള ജാനകിക്ക് വയറിനും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ജീപ്പിൽ നിന്നും പുറത്തേക്ക് നീണ്ടുനിന്ന ബ്ലേഡ് ഘടിപ്പിച്ച തോട്ടി തട്ടിയാണ് ആഴത്തിലുള്ള മുറിവുണ്ടായത്. കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് വയോധിക.
പൊതു സേവനത്തിനായി ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിൽ അപകടസാധ്യതയുള്ള ഉപകരണങ്ങൾ യാതൊരു സുരക്ഷയുമില്ലാതെ കൊണ്ടുപോയത് പൊതുജനങ്ങളുടെ ജീവന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന നടപടിയാണെന്ന് കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കെഎസ്ഇബി ഉന്നതർ കർശനമായ ജാഗ്രത പുലർത്തണം. സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് വയോധികയുടെ ചികിത്സാ വിവരങ്ങൾ വടകര ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ വിലയിരുത്തണം. വാഹനങ്ങളിൽ ഇത്തരം ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനുള്ള മാനദണ്ഡങ്ങൾ കെഎസ്ഇബി പുറത്തിറക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. വയോധികയ്ക്ക് ലഭ്യമാക്കിയ ചികിത്സ, ചികിത്സാ ചെലവ്, നഷ്ടപരിഹാരം, അന്വേഷണത്തിന്റെ ഫലം, ഉത്തരവാദികൾക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടികൾ എന്നിവ സംബന്ധിച്ച് ഡെപ്യൂട്ടി ചീഫ് എൻജിനീയർ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. ഒക്ടോബറിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.