ദിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിക്ക് തീപിടിച്ചു. അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു, ഇതില്‍ മൂന്ന് വയസ് പ്രായമുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ആശുപത്രിയിലെ ലിഫ്റ്റില്‍ ആറ് പേര്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.നൂറില്‍ അധികം രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ആശുപത്രിയിലുണ്ടായിരുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. 50ലധികം ആംബുലന്‍സുകളാണ് ആശുപത്രിയിലെത്തിച്ചിരിക്കുന്നത്.നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. തീ പടരാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. താഴത്തെ നിലയില്‍ നിന്ന് തീയും പുകയും മുകളിലേക്ക് ഉയരുകയായിരുന്നു.ചില രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഏഴുപേരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്.