
കുറ്റ്യാടി : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിക്കുന്ന ഒൻപതാം തീയതി കുറ്റ്യാടി ജനറലിൽ കൊട്ടിക്കലാശം ഒഴിവാക്കാൻ പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായി. യോഗ തീരുമാനത്തിന്റെ ഭാഗമായി പൊതുവിൽ പ്രചാരണ യോഗങ്ങളൊ റാലികളൊ ഉണ്ടാവില്ല.
മറ്റുള്ള ഏതെങ്കിലും ഭാഗത്ത് മൈക്ക് പ്രചാരണം നടത്താവുന്നതാണ്. പഞ്ചായത്തിലെ മറ്റ് വാർഡുകളിൽനിന്ന് രാഷ്ട്രീയപാർട്ടി മുൻ പ്രവർത്തകർ വരുന്നത് ഒഴിവാക്കാൻ നേതാക്കൾ നടപടി കൈക്കൊള്ളണം. വേളം പഞ്ചായത്തിലും കൊട്ടിക്കലാശം ഉണ്ടാവില്ല. കുന്നുമ്മൽ, നരിപ്പറ്റ പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്താവുന്നതാണ്.
തീരുമാനങ്ങൾ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും അംഗീകരിക്കണമെന്ന് യോഗം അഭ്യർഥിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ, പോലീസ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ്, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളായ പി.കെ. സുരേഷ്, സി.എൻ. ബാലകൃഷ്ണൻ, ശ്രീജേഷ് ഊരത്ത്, ഒ.പി. മഹേഷ്, വി.പി. മൊയ്തു, കെ. ചന്ദ്രമോഹൻ, നൗഷാദ് കോവില്ലത്ത് തുടങ്ങിയവർ പങ്കെടുത്തു.