കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ച് സി.പി.എം നേതാവ് പി. ജയരാജന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജയരാജന്‍, സുനിക്ക് ജാമ്യം അനുവദിച്ചതിനെ ന്യായീകരിക്കുന്നത്.
"കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന കൊടിസുനിക്ക് പരോളിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ആറുവര്‍ഷമായി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരില്‍ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു അതിനു കാരണം. എന്നാല്‍ സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മാനുഷിക പരിഗണയില്‍ പരോള്‍ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാന്‍ ജയില്‍ വകുപ്പിനോട് ആവശ്യപ്പെട്ടത്". അത് പരിഗണിച്ചാണ് ജയില്‍ മേധാവി 30 ദിവസത്തെ പരോള്‍ അനുവദിച്ച് ഉത്തരവായതെന്ന് ജയരാജന്‍ പോസ്റ്റില്‍ പറയുന്നു.
കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോള്‍ നല്‍കിയിരുന്നില്ലെന്നും ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.30 ദിവസത്തെ പരോളാണ് സുനിക്ക് അനുവദിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ കത്ത് പരിഗണിച്ചാണ് ജയില്‍ വകുപ്പിന്റെ നടപടി.പരോള്‍ ലഭിച്ചതോടെ 28-ന് തവനൂര്‍ ജയിലില്‍നിന്ന് സുനി പുറത്തിറങ്ങി.